International
ബ്രസല്സ്: ഇറാന്റെ അർധസൈനിക വിഭാഗമായ റവല്യൂഷനറി ഗാർഡിനെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി യൂറോപ്യൻ യൂണിയൻ (ഇയു). ഇറാനിൽ അടുത്തിടെ നടന്ന രാജ്യവ്യാപക പ്രതിഷേധങ്ങളെ റവല്യൂഷനറി ഗാർഡിനെ ഉപയോഗിച്ച് ഇറാനിയൻ സർക്കാർ നടത്തിയ അടിച്ചമർത്തലിനു പിന്നാലെയാണ് നടപടി. അൽ ഖ്വയിദ, ഐഎസ്, ഹമാസ് തുടങ്ങിയ ഭീകരസംഘടനകളുടെ പട്ടികയിലാണ് റവല്യൂഷനറി ഗാർഡിനെയും ഉൾപ്പെടുത്തിയത്.
യൂറോപ്യൻ യൂണിയനിലെ വിദേശകാര്യ മന്ത്രിമാർ ഐകകണ്ഠ്യേന ഈ തീരുമാനത്തിന് അംഗീകാരം നൽകിയെന്ന് യൂറോപ്യൻ കമ്മിഷൻ വൈസ് പ്രസിഡന്റും ഇയു വിദേശനയ വിഭാഗം അധ്യക്ഷയുമായ കായ കാലസ് അറിയിച്ചു.
International
ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും (ഇയു) തമ്മിൽ നിർണായക സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്ടിഎ) ഒപ്പിട്ടു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ ആഗോളതലത്തിൽ സൃഷ്ടിച്ച അനിശ്ചിതത്വങ്ങൾക്കിടയിൽ, ഇന്ത്യയും യൂറോപ്പും തമ്മിലുള്ള സാമ്പത്തിക-പ്രതിരോധ ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുന്നതാണ് ഈ ചരിത്ര കരാർ.
രാവിലെ 11:10ന് രാജ്ഘട്ടിലെ പുഷ്പാർച്ചനയോടെയാണ് ഉച്ചകോടിയിലെ ഔദ്യോഗിക ചടങ്ങുകൾ ആരംഭിച്ചത്. 77-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യാതിഥികളായി പങ്കെടുത്ത യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. വൈകുന്നേരം രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമുവുമായും യൂറോപ്യൻ യൂണിയൻ നേതാക്കൾ കൂടിക്കാഴ്ച നടത്തും.
"എല്ലാ ഇടപാടുകളുടെയും മാതാവ്' എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരാറിനെ വിശേഷിപ്പിച്ചത്. ചരിത്ര മുഹൂർത്തമെന്ന് യൂറോപ്യൻ യൂണിയനും വിശേഷിപ്പിച്ചു. വ്യാപാര കരാറിന് പുറമേ പ്രതിരോധ സുരക്ഷാ കരാറും ഒപ്പുവച്ചു. 2030 വരെ നീളുന്ന വിവിധ മേഖലകളിലെ സഹകരണ അജണ്ടയും കൈമാറി.
കരാർ സാധ്യമായാൽ 200 കോടി ജനങ്ങളെ ഉൾക്കൊള്ളുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര വിപണികളിലൊന്നായി ഇതു മാറും. ആഗോള ജിഡിപിയുടെ നാലിലൊന്ന് ഈ രണ്ടു മേഖലകളിൽനിന്നാണ്.
കരാർ അനുസരിച്ച്, കാറുകൾ അടക്കം യൂറോപ്പിൽ നിന്നുള്ള പല ഉത്പന്നങ്ങൾക്കും വില കുത്തനെ കുറയും. യൂറോപ്പിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയും.
പാസ്ത, ചോക്ലേറ്റ് എന്നിവയുൾപ്പെടെയുള്ള സംസ്കരിച്ച ഭക്ഷണങ്ങളുടെ തീരുവ പൂർണമായും ഒഴിവാക്കിയേക്കും. വൈനുകളുടെ തീരുവ ക്രമേണ 150 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറഞ്ഞേക്കും. കാറുകളുടെ താരിഫ് ക്രമേണ 110 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറഞ്ഞേക്കും.
യൂറോപ്പിൽ നിന്നുള്ള ബീയറിനും വില കുറയും. ഉപകരണങ്ങൾക്കുള്ള തീരുവ 44 ശതമാനം നീങ്ങും. ഫാർമ ഉത്പന്നങ്ങൾക്കുള്ള 11 ശതമാനം തീരുവയും നീക്കും. യൂറോപ്പിൽ നിന്നു കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയും.
യൂറോപ്യൻ യൂണിയന്റെ 150 ബില്യൺ യൂറോ പദ്ധതിയായ "സേഫ്'-ൽ ഇന്ത്യൻ കമ്പനികൾക്കു പങ്കാളികളാകാൻ ഇതിലൂടെ സാധിക്കുമെന്നതു രാജ്യത്തിനു ഗുണകരമാകും.
2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഏകദേശം 136 ബില്യൺ ഡോളറിന്റെ വ്യാപാരമാണു നടത്തിയത്. പുതിയ കരാർ നിലവിൽ വരുന്നതോടെ ഇരട്ടിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
ആഗോള സുരക്ഷയിലും കരാർ നിർണായക പങ്കുവഹിക്കും. റഷ്യ-യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങളിൽ ഇരുപക്ഷവും ചർച്ചകൾ നടത്തും. പ്രാദേശികമായ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും സുസ്ഥിരമായ ഒരു ആഗോളക്രമം നിലനിർത്തുന്നതിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും ഒരേ നിലപാടിലാണ്.
2007ൽ ആരംഭിച്ച ചർച്ചകൾ പലതവണ തടസപ്പെട്ടെങ്കിലും, 2022ൽ പുനരാരംഭിച്ച ചർച്ചകളാണ് ഇപ്പോൾ ഒരു വൻ കരാറിലേക്ക് എത്തിനിൽക്കുന്നത്. ചൈനയെയും അമേരിക്കയെയും അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ യൂറോപ്പും ആഗോള വിപണിയിൽ കൂടുതൽ വേരോട്ടമുണ്ടാക്കാൻ ഇന്ത്യയും ആഗ്രഹിക്കുന്ന സാഹചര്യത്തിൽ കരാർ വലിയ പ്രാധാന്യമർഹിക്കുന്നു.
National
ന്യൂഡൽഹി: എല്ലാ വ്യാപാര ഇടപാടുകളുടെയും മാതാവ് (മദർ ഓഫ് ഓൾ ഡീൽസ്) എന്നു വിശേഷിപ്പിക്കപ്പെട്ട ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാറിന്റെ ചർച്ചകൾ സമാപിച്ചതായി ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും.
റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥികളായി രാജ്യത്തെത്തുന്ന യൂറോപ്യൻ കൗണ്സിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോണ് ഡെർ ലെയ്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമായിരിക്കും പ്രഖ്യാപനമുണ്ടാകുക.
യൂറോപ്പിൽനിന്നുള്ള കാറുകൾക്കും വൈനിനും ഇന്ത്യ കുറഞ്ഞ തീരുവകൾ നൽകുമെന്നതും പകരമായി ഇന്ത്യയിൽനിന്നുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്കും തുണിത്തരങ്ങൾക്കും രാസവസ്തു മേഖലകൾക്കും യൂറോപ്പ് വലിയ വിപണി തുറന്നുകൊടുക്കുന്നതുമാണ് കരാറിന്റെ പ്രധാന വ്യവസ്ഥകൾ.
നാളെമുതൽ ബുധനാഴ്ച വരെ യൂറോപ്യൻ യൂണിയന്റെ സഹഅധ്യക്ഷതയിൽ ഇന്ത്യ നടത്തുന്ന ഉച്ചകോടിക്കിടയിലായിരിക്കും പ്രഖ്യാപനമുണ്ടാകുക. ചർച്ചകൾക്ക് പര്യവസാനം കുറിക്കപ്പെട്ടുവെന്ന പ്രഖ്യാപനം ഉണ്ടായിക്കഴിഞ്ഞാലും യൂറോപ്യൻ പാർലമെന്റ് കരാർ അന്തിമമാക്കാനും അംഗീകരിക്കാനും കുറഞ്ഞത് ഒരു വർഷമെങ്കിലും എടുത്തേക്കാം.
കരാർ പ്രാബല്യത്തിലായിക്കഴിഞ്ഞാൽ അമേരിക്കയുടെ 50 ശതമാനം തീരുവ ബാധിക്കപ്പെട്ട രാജ്യത്തെ ടെക്സ്റ്റൈൽസ്, ആഭരണം തുടങ്ങിയ മേഖലകൾക്ക് ഊർജമാകുമെങ്കിലും യൂറോപ്യൻ രാജ്യങ്ങളിലെ പാൽ, ചോക്ലേറ്റ് ഉത്പന്നങ്ങൾക്ക് ഇന്ത്യൻ വിപണി വിപുലമായി തുറന്നിടുന്ന കരാറിലെ വ്യവസ്ഥ ഇന്ത്യയിലെ ക്ഷീരകർഷകർക്ക് ആശങ്കയേകുന്നുണ്ട്.
National
ന്യൂഡൽഹി: അടുത്തയാഴ്ച യാഥാർഥ്യമാകുന്ന ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാർ ചരിത്രം കുറിക്കും. ലോകത്ത് ഇന്നേവരെയുള്ള വ്യാപാര ഇടപാടുകളുടെ മാതാവ് (മദർ ഓഫ് ഓൾ ഡീൽസ്) എന്നാണു യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോണ് ഡെർ ലെയ്ൻ കരാറിനെ ഡാവോസിലെ ലോക സാന്പത്തിക ഫോറത്തിൽ വിശേഷിപ്പിച്ചത്.
ഡൽഹിയിൽ തിങ്കളാഴ്ച നടക്കുന്ന 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ യൂറോപ്യൻ കൗണ്സിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുലയുമാണ് മുഖ്യാതിഥികൾ. തിങ്കളും ചൊവ്വയുമായി ഡൽഹിയിൽ നടക്കുന്ന ഇന്ത്യ- യൂറോപ്യൻ യൂണിയൻ(ഇയു) ഉച്ചകോടിയിൽ സ്വതന്ത്ര വ്യാപാരക്കരാർ (ഫ്രീ ട്രേഡ് എഗ്രിമെന്റ്- എഫ്ടിഎ) ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയും യൂറോപ്യൻ യൂണിയനുമായുള്ള സുരക്ഷ, പ്രതിരോധ പങ്കാളിത്ത കരാർ മുതൽ യൂറോപ്യൻ രാജ്യങ്ങളിലെ ഇന്ത്യൻ തൊഴിലാളികളുടെ ജോലികൾക്കുള്ള ചട്ടക്കൂട് വരെയുള്ളവ ഉച്ചകോടിയിൽ പ്രഖ്യാപിച്ചേക്കും. യൂറോപ്യൻ യൂണിയനിലെ ചെറിയ സൈനികസംഘം റിപ്പബ്ലിക് ദിന പരേഡിൽ പങ്കാളികളുമാകും.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സന്പദ്വ്യവസ്ഥയെ ഏറ്റവും വികസിതമായ 27 രാജ്യങ്ങളുടെ വ്യാപാര ബ്ലോക്കുമായി ബന്ധിപ്പിക്കുന്ന നാഴികക്കല്ലാകും കരാർ. 2007 മുതൽ രണ്ടു പതിറ്റാണ്ടോളമായി നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് ഇന്ത്യ- ഇയു കരാർ യാഥാർഥ്യമാകുന്നത്. 2013ൽ സ്തംഭിച്ചതിനുശേഷം 2022 ജൂണിലാണ് ചർച്ചകൾ പുനരാരംഭിച്ചത്.
ലോക ജിഡിപിയുടെ 25%
ലോക ജിഡിപിയുടെ 25 ശതമാനവും 200 കോടി ആളുകളുടെ സംയോജിത വിപണിയുമാകും ഇന്ത്യ- യൂറോപ്യൻ യൂണിയൻ വ്യാപാരക്കരാർ. ഇന്ത്യയും 27 വികസിതരാജ്യങ്ങളുള്ള യൂറോപ്യൻ യൂണിയനും തമ്മിൽ നിലവിൽ ശക്തമായ വാണിജ്യബന്ധമുണ്ട്. കഴിഞ്ഞ സാന്പത്തികവർഷത്തിൽ 135 ബില്യണ് ഡോളർ മൂല്യമുള്ളതാണ് ഉഭയകക്ഷി വ്യാപാരം. 2026ൽ ഇയു രാജ്യങ്ങളുടെ മൊത്തം ജിഡിപി 22.52 ട്രില്യണ് ഡോളറാണ്. ആഗോള സന്പദ്വ്യവസ്ഥയുടെ ആറിലൊന്നാണിത്.
വ്യാപാരക്കരാർ പങ്കാളിത്തം പരസ്പര പൂരകമാണ്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സന്പദ്വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യ.
Business
ന്യൂഡൽഹി: അടുത്തയാഴ്ച യാഥാർഥ്യമാകുന്ന ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന തീരുവ ഭീഷണി അടക്കമുള്ള വെല്ലുവിളികൾക്കും സമ്മർദങ്ങൾക്കുമുള്ള ഇന്ത്യയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും മറുപടിയാകും. കഴിഞ്ഞ ഫെബ്രുവരിയിൽ ചർച്ചകൾ ആരംഭിച്ച ഇന്ത്യ- അമേരിക്ക സ്വതന്ത്ര വ്യാപാര കരാർ വഴിമുട്ടി നിൽക്കുകയുമാണ്.
ഇന്ത്യക്കെതിരായ തീരുവ മുതൽ ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള ട്രംപിന്റെ നടപടികളാണ് ഇന്ത്യ- ഇയു കരാർ വേഗത്തിലാക്കിയത്. ഇന്ത്യയിൽനിന്നുള്ള എല്ലാ ഇറക്കുമതികൾക്കും 50 ശതമാനം തീരുവ ചുമത്തുകയും യൂറോപ്യൻ യൂണിയൻ ഇറക്കുമതികൾക്ക് 20 ശതമാനം അടിസ്ഥാന തീരുവ ചുമത്തുകയും ചെയ്തിരുന്നു.
ചൈനയുടെ വെല്ലുവിളിയും പ്രധാന ഘടകമായിരുന്നു. ഉത്പാദനമേഖലകളിലെ ചൈനയുടെ ആധിപത്യത്തെക്കുറിച്ച് ഇയു കൂടുതൽ ആശങ്കാകുലരാണ്. ചൈനീസ് എതിരാളികളുമായി മത്സരിക്കുക ഇന്ത്യക്കും യൂറോപ്യൻ യൂണിയനും പ്രയാസമാണ്.
ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ വരുന്ന സ്വതന്ത്ര വ്യാപാര കരാർ വൻകിട വ്യവസായങ്ങൾക്ക് കരുത്തേകും. എന്നാൽ കൃഷി, പാൽ ഉത്പന്നങ്ങൾ തുടങ്ങിയവയിൽ ഇന്ത്യക്കു ഭീഷണിയുണ്ട്. കേരളത്തിലെ കർഷകർക്ക് പ്രത്യേകിച്ചു ക്ഷീര കർഷകർക്ക് കരാർ തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ട്.
യൂറോപ്യൻ രാജ്യങ്ങളിലെ പാൽ, ചോക്ലേറ്റ് ഉത്പന്നങ്ങളും അനിയന്ത്രിതമായി ഇന്ത്യൻ വിപണികളിലേക്ക് ഒഴുകിയാൽ ഇന്ത്യയിലെ കൊക്കോ, ക്ഷീര കർഷകർക്ക് ആരു സംരക്ഷണം നൽകുമെന്നതിൽ വ്യക്തതയില്ല. ലോകത്തിലെതന്നെ ഏറ്റവും മികച്ച പാൽ, ചോക്ലേറ്റ്, ബിസ്കറ്റ് നിർമാതാക്കൾ യൂറോപ്യൻ രാജ്യങ്ങളാണ്.
എന്നാൽ ഫാർമസ്യൂട്ടിക്കൽസ്, എൻജിനിയറിംഗ് സാധനങ്ങൾ, ഓട്ടോമോട്ടീവ് ഘടകങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലെ കയറ്റുമതി വർധിപ്പിക്കുന്നത് ഇന്ത്യക്കു നേട്ടമാകും. അമേരിക്കൻ തീരുവ ബാധിച്ച തുണിത്തരങ്ങൾ, ആഭരണങ്ങൾ, തുകൽ വസ്തുക്കൾ തുടങ്ങിയവയ്ക്ക് 27 വികസിത രാജ്യങ്ങളിൽ ബദൽ വിപണി തുറക്കും. നിലവിൽ ബംഗ്ലാദേശി തുണിത്തരങ്ങൾക്ക് പൂജ്യം തീരുവയുള്ളപ്പോൾ ഇന്ത്യൻ തുണിത്തരങ്ങൾക്ക് ഇയുവിൽ പത്തു ശതമാനം തീരുവയുണ്ട്. കരാർ നടപ്പായാൽ ഇന്ത്യക്കും തീരുവയില്ലാതാകും.
ഇന്ത്യൻ ഐടി, സേവന കയറ്റുമതിക്കും വിദഗ്ധ പ്രഫഷണലുകളുടെ കുടിയേറ്റത്തിനും കരാർ സഹായകമാകും. അമേരിക്കയെ ആശ്രയിക്കുന്നത് കുറയുകയും ചെയ്യും. സോളാർ അടക്കം പുനരുപയോഗ ഊർജഘടകങ്ങൾ പോലുള്ള ഇന്ത്യൻ വ്യവസായങ്ങൾക്കും അനുകൂല വിപണി ലഭിക്കും.
വിമാനം, ഓട്ടോമൊബൈൽസ്, ഇലക്ട്രിക്കൽ മെഷിനറികൾ, പാനീയങ്ങൾ, കെമിക്കൽസ് തുടങ്ങിയവയുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതിയാണ് യൂറോപ്യൻ യൂണിയന്റെ ലക്ഷ്യം. വിമാനഭാഗങ്ങൾ, വജ്രങ്ങൾ, ആഡംബരവസ്തുക്കൾ തുടങ്ങിയ ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ പുതിയ വിപണി കണ്ടെത്താനാകും.
ഇന്ത്യയിലേക്കുള്ള ഇറക്കുമതിയുടെ തീരുവ ഇല്ലാതാകുകയോ തീർത്തും കുറയുകയോ ചെയ്യുന്നതോടെ വിദേശമദ്യവും വൈനുകളും മുതൽ ആഡംബര കാറുകൾ വരെയുള്ളവയിൽ യൂറോപ്യൻ യൂണിയന് കാര്യമായ നേട്ടമുണ്ടാകും.
International
ബ്രസൽസ്: യുക്രെയ്ന് യൂറോപ്യൻ യൂണിയനിൽ (ഇയു) അതിവേഗ അംഗത്വം നൽകുന്നതിൽ ആലോചന. പൂർണ അംഗത്വം വർഷങ്ങൾ നീണ്ട പ്രക്രിയ ആയതിനാൽ യുക്രെയ്ന്റെ കാര്യത്തിൽ പ്രത്യേകമായി പരിമിത അംഗത്വം അനുവദിക്കാനാണ് നീക്കം.
റഷ്യ-യുക്രെയ്ൻ സമാധാനകരാറിന്റെ ഭാഗമായിട്ടാണ് ഈ ആലോചന. യുദ്ധാനന്തരം സാന്പത്തിക സ്ഥിരത ഉറപ്പാക്കാൻ ഇയു അംഗത്വം വേണമെന്ന് യുക്രെയ്ൻ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
അമേരിക്ക മുന്നോട്ടു വച്ചിരിക്കുന്ന സമാധാന കരാറിൽ ഇക്കാര്യവും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. 2027ൽ യുക്രെയ്ന് ഇയു അംഗത്വം നല്കണമെന്നാണ് നിർദേശം. അമേരിക്കയും യൂറോപ്യൻ യൂണിയനും ഇക്കാര്യത്തിൽ ചർച്ച നടത്തുന്നുണ്ട്.
സാധാരണ നിലയിൽ ഒരു രാജ്യത്തിന് അംഗത്വം ലഭിക്കാൻ യൂറോപ്യൻ യൂണിയൻ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഇതിന് വർഷങ്ങൾ എടുക്കും.
National
ന്യൂഡൽഹി: യൂറോപ്യൻ യൂണിയനുമായി അതിവിപുല വ്യാപാര കരാറിനാണു രാജ്യം ഒരുങ്ങുന്നതെന്നു വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ. ചർച്ചകൾ അവസാനഘട്ടത്തിലാണ്. കരാറിനായുള്ള അന്തിമചർച്ച ഈ മാസം 27 നു നടന്നേക്കും.
യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോറോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്നും 25 മുതൽ 27 വരെ ഇന്ത്യയിലുണ്ടാകും.
NRI
മാഡ്രിഡ്: കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 2023-25 ബാച്ച് എംഎസ്സി മാത്തമാറ്റിക്സ് വിദ്യാർഥിനി മരിയ പീറ്ററിന് യൂറോപ്യൻ യൂണിയന്റെ മേരി ക്യൂറി ഫെലോഷിപ്പ്.
2025-ൽ മാർ അത്തനേഷ്യസ് കോളജിൽ നിന്ന് എംഎസ്സി മാത്തമാറ്റിക്സ് പൂർത്തിയാക്കിയ മരിയയ്ക്ക് സ്പെയിനിലെ പബ്ലിക് യൂണിവേഴ്സിറ്റി ഓഫ് നവാരയിൽ (യുപിഎൻഎ) മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിലെ ഡോക്ടറൽ പ്രോഗ്രാമിലാണ് പ്രവേശനം ലഭിച്ചത്.
ഗവേഷണ പഠനത്തിനായി ജനുവരിയിലാണ് സ്പെയിനിൽ എത്തിയത്. നാലുവർഷം ദൈർഘ്യമുള്ള ഡോക്ടറൽ പഠനത്തിന് സ്കോളർഷിപ്പായിട്ടാണ് 1.3 കോടി ലഭിക്കുന്നത്. എംഎ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ആസ്പയർ സ്കോളർഷിപ്പിന് മരിയ അർഹയായിട്ടുമുണ്ട്.
ഇതിന്റെ ഭാഗമായി ആറുമാസ ഇന്റേൺഷിപ്പ് പ്രോഗ്രാം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ മാത്തമാറ്റിക്സ് വിഭാഗം അസി. പ്രഫസർ ഡോ. ലിനു പിന്റോയുടെ കീഴിലാണ് ചെയ്തത്.
കൂവപ്പടി സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി പെരുമ്പാവൂർ കാഞ്ഞിരക്കാട് പള്ളൂപ്പേട്ട പി.ഡി. പീറ്റർ - റോസ് ലാൻഡ് (കറുകുറ്റി നൈപുണ്യ കോളജ് അസി. പ്രഫസർ) ദമ്പതികളുടെ മകളാണ്.
സഹോദരി അന്ന പീറ്റർ അമേരിക്കയിൽ ഗവേഷക വിദ്യാർഥിനിയാണ്. സഹോദരൻ മാത്യു സിഎ കഴിഞ്ഞതിനു ശേഷം പെരുമ്പാവൂരിൽ ജോലിചെയ്യുന്നു.
International
കീവ്: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി റഷ്യയും അമേരിക്കയും പുതിയ പദ്ധതി തയാറാക്കിയതായി റിപ്പോർട്ട്. യുക്രെയ്ൻ സേനയുടെ നിയന്ത്രണത്തിലുള്ള ഭൂമികൂടി റഷ്യക്കു വിട്ടുകൊടുക്കണമെന്ന നിർദേശം പദ്ധതിയിലുണ്ട്. യുക്രെയ്ൻ സേനയുടെ വലിപ്പം കുറയ്ക്കണമെന്നതാണ് മറ്റൊരു നിർദേശം.
പദ്ധതി ചർച്ച ചെയ്യാനായി അമേരിക്കൻ ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോളിന്റെ നേതൃത്വത്തിലുള്ള സൈനികസംഘം ബുധനാഴ്ച യുക്രെയ്നിലെത്തി. ഇന്നലെ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായി സംഘം ചർച്ച നടത്തി.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും റഷ്യയുടെ പ്രത്യേക പ്രതിനിധി കിറിൾ ദിമിത്രിയേവും ചേർന്നാണ് പദ്ധതി തയാറാക്കിയത്. അമേരിക്കയോ റഷ്യയോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ദീർഘകാല സമാധാനത്തിന് ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്കു തയാറാകേണ്ടിവരുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സോഷ്യൽ മീഡിയയിൽ പറഞ്ഞു.
അമേരിക്കയും റഷ്യയും ചേർന്ന് പദ്ധതി തയാറാക്കിയതിൽ യൂറോപ്യൻ യൂണിയൻ എതിർപ്പ് പ്രകടിപ്പിച്ചു. ഏതു പദ്ധതിയും നടപ്പാകണമെങ്കിൽ യുക്രെയ്നെയും യൂറോപ്യൻ യൂണിയനെയും ചർച്ചയിൽ ഉൾപ്പെടുത്തണമെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കായാ കല്ലാസ് പറഞ്ഞു. റഷ്യയോട് അടിയറവു പറയാൻ യുക്രെയ്ൻ തയാറല്ലെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ഷോൺ നോയൽ ബാരറ്റും പറഞ്ഞു.
യുദ്ധകാര്യങ്ങളും വെടിനിർത്തലും ചർച്ച ചെയ്യാനാണ് അമേരിക്കൻ സംഘം എത്തിയതെന്ന് യുക്രെയ്ൻ വൃത്തങ്ങൾ വെളിപ്പെടുത്തി. നിലവിൽ ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലത്തുവച്ച് യുദ്ധം നിർത്താൻ തയാറാണെന്ന് പ്രസിഡന്റ് സെലൻസ്കി ട്രംപിനോട് സമ്മതിച്ചിട്ടുള്ളതാണെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.